Kuwait Successfully Performs 18th Heart Transplant കുവൈത്തിൽ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ചികിത്സ തേടിയത് 18കാരൻ

Kuwait Successfully Performs 18th Heart Transplant കുവൈത്ത് സിറ്റി: രാജ്യത്തെ 18-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത്. 18 വയസ്സുകാരനായ യുവാവിനാണ് സൽമാൻ അൽ ദബ്ബൂസ് കാർഡിയാക് സെന്ററിൽ ശസ്ത്രക്രിയ നടത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ജന്മനാ ഹൃദയവൈകല്യമുണ്ടായിരുന്ന യുവാവിന്റെ ഹൃദയപേശികൾ ഗുരുതരമായി തകരാറിലായതിനെ തുടർന്ന് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതോടെയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ദാതാവിൽനിന്ന് ഹൃദയം ലഭിച്ചതിനു പിന്നാലെ അനുയോജ്യതയും രോഗിയുമായുള്ള പൊരുത്തവും ഉറപ്പാക്കുന്നതിനുള്ള വിശദമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

കാർഡിയോളജി വിഭാഗം മേധാവിയും ഹൃദയപേശികളുടെ തകരാറിനും ഹൃദയം മാറ്റിവെക്കലിനുമുള്ള യൂണിറ്റ് മേധാവിയുമായ ഡോ. ബദർ അൽ അയാദ് ശസ്ത്രക്രിയയുടെ വിജയത്തിന് പിന്നിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനമാണെന്ന് പറഞ്ഞു. കുവൈത്തിലെ ഹൃദയം മാറ്റിവെക്കൽ ചികിത്സാ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഗുരുതര ഹൃദ്രോഗമുള്ളവർക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഇത് നിർണായക ചുവടുവയ്പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. അബ്ദുല്ല അൽ ഹുദൈബ്, ഡോ. മുഹമ്മദ് അൽ അയ്യാർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. സൗദി അറേബ്യയിൽനിന്നുള്ള ഡോ. ഖാലിദ് അൽ ഒതൈബിയും സംഘത്തിൽ പങ്കെടുത്തു. രോഗിയുടെ ചികിത്സയിലെ മെഡിക്കൽ, ഇമ്യൂണോളജിക്കൽ കാര്യങ്ങൾക്ക് ഡോ. ബദർ അൽ അയാദ് മേൽനോട്ടം വഹിച്ചു.

ഡോ. സജാ സുറൂറിന്റെ നേതൃത്വത്തിലുള്ള അവയവ ശേഖരണ സംഘത്തിന്റെ പ്രവർത്തനത്തെയും അൽ അയാദ് അഭിനന്ദിച്ചു. അവയവദാന വിഭാഗം, ഹൃദയം മാറ്റിവെക്കൽ സംഘം, ശസ്ത്രക്രിയാ വിഭാഗം, അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവയ്ക്കൊപ്പം നഴ്സിങ്, സാങ്കേതിക ജീവനക്കാരുടെയും ഏകോപിത പ്രവർത്തനമാണ് ഇത്തരം സങ്കീർണ ശസ്ത്രക്രിയകളുടെ വിജയത്തിന് അടിസ്ഥാനം.

അവയവം ദാനം ചെയ്ത വ്യക്തിക്കും കുടുംബത്തിനും അദ്ദേഹം നന്ദി അറിയിച്ചു. അവയവദാനം കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് പുതുജീവിതത്തിനുള്ള പ്രതീക്ഷ നൽകുന്നതാണെന്നും കുവൈത്തിലെ ഹൃദയം മാറ്റിവെക്കൽ ചികിത്സാ പദ്ധതി കൂടുതൽ വികസിപ്പിക്കുന്നതിനും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും തുടർന്നും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy