
UAE Deportation;കൊച്ചി: വിവാഹവാഗ്ദാനം നൽകി 14 സ്ത്രീകളെ വഞ്ചിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്തെന്ന കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. മുഹമ്മദ് മാസിൻ എന്നയാളെയാണ് വെള്ളിയാഴ്ച (നവംബർ 20) യുഎഇ അധികൃതർ ഇന്ത്യയ്ക്ക് കൈമാറിയത്. പ്രതിയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറിയിച്ചു.
മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവാഹവാഗ്ദാനം നൽകി ഒരു യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും തുടർന്ന് ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നുമാണ് പ്രതിക്കെതിരായ പ്രധാന ആരോപണം. യുവതിയിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. ഈ കേസിൽ നേരത്തെ തന്നെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് സമാനമായ രീതിയിൽ മറ്റ് 13 സ്ത്രീകളെയും പ്രതി വഞ്ചിച്ചതായി കണ്ടെത്തിയത്. വിവാഹവാഗ്ദാനം നൽകി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിക്കുകയും ദൃശ്യങ്ങൾ ഉപയോഗിച്ച് പണം ആവശ്യപ്പെടുകയും ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതോടെ ആകെ 14 സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിന് ഇരയായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കേസുകൾ പുറത്തുവന്നതിനു പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർഥനപ്രകാരം സിബിഐയുടെ നാഷണൽ സെൻട്രൽ ബ്യൂറോ (എൻസിബി) ഇന്റർപോൾ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സാന്നിധ്യം യുഎഇയിൽ കണ്ടെത്തിയത്. തുടർന്ന് യുഎഇ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തു.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ യുഎഇ അധികൃതർ അനുമതി നൽകിയത്. തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക സംഘം യുഎഇയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തോടൊപ്പം പ്രതിയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. തുടർ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറും.





