
Qatar Boat Show 2026 Set to Begin ദോഹ: ഖത്തർ ബോട്ട് ഷോ 2026ന്റെ ഭാഗമായി നാല് ദിവസത്തെ വെടിക്കെട്ടും ആകാശ വിസ്മയം തീർക്കുന്ന ഡ്രോൺ ഷോകളും സംഘടിപ്പിക്കുന്നു. നവംബർ 4 മുതൽ 7 വരെ ദോഹയിലെ ഓൾഡ് ദോഹ പോർട്ടിലാണ് പരിപാടികൾ അരങ്ങേറുക. നവംബർ 4ന് രാത്രി 7.30നാണ് ആദ്യ വെടിക്കെട്ട്. നവംബർ 5, 6 തീയതികളിൽ വൈകിട്ട് 6നും രാത്രി 8നും പ്രത്യേക പ്രദർശനങ്ങളുണ്ടാകും. നവംബർ 7ന് രാത്രി 7.30ന് സമാപന വെടിക്കെട്ടും ഡ്രോൺ ഷോയും നടക്കും.
നാല് ദിവസവും വൈകിട്ട് 4 മണിക്ക് പ്രദർശന നഗരി സന്ദർശകർക്കായി തുറക്കും. ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9 മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണി വരെയുമാണ് പ്രവേശനം. ആഡംബര യാട്ടുകളുടെ പ്രദർശനമാണ് ബോട്ട് ഷോയുടെ പ്രധാന ആകർഷണം. ഇതിന് പുറമെ ബെദാ വാച്ചസിന്റെ ആഡംബര വാച്ചുകളുടെ അവതരണവും നാസർ ബിൻ ഖാലിദ് ഓട്ടോമൊബൈൽസിന്റെ മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.
ദ നെഡ് ദോഹയുടെ നേതൃത്വത്തിൽ വിഐപി ഹോസ്പിറ്റാലിറ്റി ലോഞ്ചും ഭക്ഷണ-പാനീയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ആഡംബര ബോട്ടുകളുടെ പ്രദർശനത്തോടൊപ്പം വെടിക്കെട്ടും ഡ്രോൺ ഷോയും അരങ്ങേറുന്നതോടെ ഖത്തർ ബോട്ട് ഷോ 2026 സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാകും.
വേദി: ഓൾഡ് ദോഹ പോർട്ട്, ദോഹ
തീയതി: 2026 നവംബർ 4 മുതൽ 7 വരെ
സമയം: ദിവസവും വൈകിട്ട് 4 മണി മുതൽ





