
Items Banned at Qatar Padel World Cup ദോഹ: ഖത്തറിൽ നടക്കുന്ന FIP ലോക പാഡൽ കപ്പ് 2026-ൽ കാണികൾക്ക് കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ദോഹയിലെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്.
കത്തികൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ, ഗ്ലാസ് പാത്രങ്ങൾ, ഡ്രോണുകൾ, വളർത്തുമൃഗങ്ങൾ, വ്യാജ ടിക്കറ്റുകൾ, ലഹരിമരുന്നുകൾ, സ്കൂട്ടറുകൾ എന്നിവയാണ് നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദേശങ്ങൾ എഴുതിയ ബാനറുകൾക്കും നിശ്ചിത വലുപ്പത്തിൽ കൂടുതലുള്ള ബാഗുകൾക്കും നിയന്ത്രണമുണ്ട്. 1 x 5 x 8 എന്ന അളവിൽ കൂടുതലുള്ള ബാഗുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അനുമതിയില്ലാതെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ, വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. അംഗീകൃത മാധ്യമപ്രവർത്തകർക്കും ഔദ്യോഗിക ചുമതലയിലുള്ള ഇവന്റ് ജീവനക്കാർക്കും ഒഴികെ മത്സരങ്ങൾക്കിടെ ലാപ്ടോപ്പ് ഉപയോഗിക്കാനും അനുവാദമില്ല. ചൂതാട്ടത്തിനും വിലക്കുണ്ട്.
അന്താരാഷ്ട്ര പാഡൽ ഫെഡറേഷനും (FIP) ഖത്തർ ടെന്നിസ് ഫെഡറേഷനും (QTF) സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 12 ലക്ഷം യൂറോയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങൾക്കായി തുല്യമായാണ് സമ്മാനത്തുക വിഭജിച്ചിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാനെത്തുന്ന കാണികൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.





