Kuwait Weather Changes : കുവൈത്തിൽ തണുപ്പ് കൂടുന്നു; ഈ ദിവസം മുതൽ മുതൽ കാലാവസ്ഥയിൽ മാറ്റം, അൽ ഗഫർ കാലത്തിന് തുടക്കം

Kuwait Weather Changes : കുവൈത്തിൽ ശരത്കാലത്തിന്റെ അടുത്ത ഘട്ടമായ അൽ ഗഫർ കാലത്തിന് നവംബർ 11ന് തുടക്കമാകും. വസീം (Wasim) സീസണിലെ മൂന്നാം ഘട്ടമായ അൽ ഗഫർ 13 ദിവസം നീണ്ടുനിൽക്കും. ഇതോടെ ശരത്കാലത്തിന്റെ രണ്ടാം പകുതിയിലേക്ക് കുവൈത്ത് കടക്കും.

അൽ ഉജൈരി സയന്റിഫിക് സെന്റർ നൽകുന്ന വിവരമനുസരിച്ച്, ശരത്കാലത്തിലെ ഏഴാമത്തെ ഘട്ടമായ അൽ ഗഫർ കാലത്ത് താപനില ക്രമേണ കുറയും. രാത്രികളിൽ തണുപ്പ് വർധിക്കുമെങ്കിലും പകൽ സമയങ്ങളിൽ താരതമ്യേന മിതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

ഈ കാലയളവിൽ കാറ്റിന്റെ ശക്തി കൂടുതൽ പ്രകടമാകാൻ സാധ്യതയുണ്ട്. കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും രാവിലെ സമയങ്ങളിൽ കടൽവെള്ളത്തിന്റെ താപനില കുറയാനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

പകൽ ദൈർഘ്യം കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം വർധിക്കുന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. രാത്രിയുടെ ദൈർഘ്യം 13 മണിക്കൂറിൽ കൂടുതലാകും. കൂടാതെ, വർഷത്തിൽ അസർ നമസ്കാരത്തിനുള്ള ബാങ്ക് ഏറ്റവും നേരത്തെ എത്തുന്ന സമയവും ഈ കാലയളവിലാണെന്ന് കേന്ദ്രം വ്യക്തമാക്കി.

കാർഷിക കലണ്ടർ പ്രകാരം ശൈത്യകാല ധാന്യവിളകൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്. ഈന്തപ്പനകൾക്ക് വളം നൽകുന്നതിനും മരങ്ങൾക്ക് ചുറ്റുമുള്ള മണ്ണ് ഇളക്കുന്നതിനും അൽ ഗഫർ കാലം അനുയോജ്യമായി കണക്കാക്കപ്പെടുന്നു.

ശൈത്യകാല കാലാവസ്ഥയുടെ സ്വാധീനം കൂടുതൽ പ്രകടമാകുന്നതിന്റെ തുടക്കമായാണ് അൽ ഗഫർ കാലത്തെ കണക്കാക്കുന്നത്. രാത്രികളിൽ തണുപ്പ് വർധിക്കുമ്പോഴും പകൽ സമയങ്ങളിൽ മിതമായ കാലാവസ്ഥ തുടരുമെന്നതാണ് ഈ ഘട്ടത്തിന്റെ പ്രധാന പ്രത്യേകത.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy