
Kuwait Domestic Worker Murder Case കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗൾഫ് സ്വദേശിനിക്ക് കുവൈത്ത് അപ്പീൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. നേരത്തെ കീഴ്ക്കോടതി വിധിച്ച 15 വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി കുറച്ചത്.
പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയെന്ന കുറ്റം കോടതി ഒഴിവാക്കി. പകരം, മരണത്തിന് കാരണമായ മർദനം എന്ന കുറ്റം ചുമത്തിയാണ് പുതിയ ശിക്ഷ വിധിച്ചത്.
സബാഹ് അൽ നാസർ മേഖലയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയെ വടികൊണ്ട് ക്രൂരമായി മർദിക്കുകയും ശരീരത്തിൽ ക്ലോറിൻ അടങ്ങിയ രാസവസ്തുക്കൾ ഒഴിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് മൂന്ന് ദിവസത്തോളം ചികിത്സ നൽകാൻ പ്രതി തയ്യാറായില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.
ആദ്യഘട്ടത്തിൽ കൊലപാതകക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, കേസിലെ സാഹചര്യങ്ങളും കുറ്റകൃത്യത്തിന്റെ സ്വഭാവവും പരിശോധിച്ച അപ്പീൽ കോടതി, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്ന കുറ്റം ഒഴിവാക്കി ശിക്ഷ 15 വർഷത്തിൽ നിന്ന് 10 വർഷമായി കുറയ്ക്കുകയായിരുന്നു.





