
Qatar Recycles Over 20 Million Used Tyres ദോഹ: പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്കരണത്തിനും കൂടുതൽ പ്രാധാന്യം നൽകി ഖത്തർ. രാജ്യത്ത് 2025ൽ രണ്ട് കോടിയിലധികം ഉപയോഗശൂന്യമായ ടയറുകൾ റീസൈക്കിൾ ചെയ്തതായി റിപ്പോർട്ട്. ഉപയോഗിച്ച ടയറുകൾ സുരക്ഷിതമായി സംസ്കരിക്കുകയും പുനരുപയോഗിക്കാവുന്ന അസംസ്കൃത വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്ന പദ്ധതികളിലൂടെയാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്.
മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുക, ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ വീണ്ടും ഉപയോഗിക്കാവുന്ന വിഭവങ്ങളാക്കി മാറ്റുക എന്നിവയാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലക്ഷ്യം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയെയും റീസൈക്ലിങ് പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ടയറുകൾ പൊടിക്കുന്ന വർക്ക്ഷോപ്പുകളുടെ എണ്ണം 2020ൽ നാലായിരുന്നത് 2021ൽ 23 ആയി ഉയർത്തി. റീസൈക്ലിങ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 2022 ജൂണിൽ ടയർ റീസൈക്ലിങ് ഫാക്ടറികളുമായും ഷ്രെഡിങ് വർക്ക്ഷോപ്പുകളുമായും മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു. റീസൈക്കിൾ ചെയ്ത് അസംസ്കൃത വസ്തുക്കളാക്കി മാറ്റുന്ന ഓരോ ടണ്ണിനും സാമ്പത്തിക സഹായം നൽകുന്ന സംവിധാനവും ഇതിന്റെ ഭാഗമായി നടപ്പാക്കി.
റീസൈക്ലിങ് വ്യവസായത്തിന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അൽ അഫ്ജ മേഖലയിൽ റീസൈക്ലിങ് വ്യവസായങ്ങൾക്കായി 61 ഫാക്ടറികൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതിൽ 29 എണ്ണം പ്രവർത്തിക്കുന്നവയും 19 എണ്ണം നിർമാണത്തിലിരിക്കുന്നവയുമാണ്. 13 ഫാക്ടറികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
2025ൽ പുതിയ റീസൈക്ലിങ് ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി മന്ത്രാലയം മുന്നോട്ടുവെച്ച നിക്ഷേപ അവസരങ്ങളിലൂടെ ഒമ്പത് നിക്ഷേപകരെ തിരഞ്ഞെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
സീറോ വേസ്റ്റ് പദ്ധതിയും പുതിയ സൗകര്യങ്ങളും
ടയർ റീസൈക്ലിങ്ങിന് പുറമെ രാജ്യത്തെ മാലിന്യസംസ്കരണ സംവിധാനം ആധുനികവത്കരിക്കുന്നതിനായി മന്ത്രാലയം ‘സീറോ വേസ്റ്റ്’ പദ്ധതിയും നടപ്പാക്കുന്നുണ്ട്. മാലിന്യങ്ങൾ പരമാവധി പുനരുപയോഗിക്കുകയും സംസ്കരണത്തിൽ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
മീസൈദിൽ പുതിയ എൻജിനീയേർഡ് സാനിറ്ററി ലാൻഡ്ഫിൽ നിർമിക്കുന്നതും നിലവിലുള്ള ലാൻഡ്ഫില്ലുകൾ നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള കേന്ദ്രവും മുനിസിപ്പൽ മാലിന്യങ്ങളിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ആധുനിക സംവിധാനവും വികസിപ്പിക്കാനും പദ്ധതിയുണ്ട്.
ഡിജിറ്റൽ സംവിധാനങ്ങളും ഏകീകൃത ഡാറ്റാബേസുകളും ഉപയോഗിച്ചുള്ള ദേശീയ മാലിന്യസംസ്കരണ സംവിധാനം വികസിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും നിരീക്ഷണവും മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഉപഭോഗം കുറയ്ക്കുക, വസ്തുക്കൾ വീണ്ടും ഉപയോഗിക്കുക, പുനരുപയോഗിക്കാവുന്നവ വേർതിരിച്ച് റീസൈക്കിൾ ചെയ്യുക തുടങ്ങിയ ശീലങ്ങൾ വീടുകളിലും വ്യക്തിഗത തലത്തിലും പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.





