Kuwait private medical center closure : നിയമലംഘനം; കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സെന്റർ സ്ഥിരമായി അടച്ചുപൂട്ടി, ലൈസൻസ് റദ്ദാക്കി

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സെന്റർ സ്ഥിരമായി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സെന്ററിന്റെ പ്രവർത്തന ലൈസൻസും റദ്ദാക്കി.

സ്ഥാപനത്തിനെതിരായ പരാതികളും നിയമലംഘനങ്ങളും ഉൾപ്പെടുന്ന കേസ് ഫയൽ വിശദമായ പരിശോധനയ്ക്കും സ്ഥിരീകരണത്തിനുമായി ബന്ധപ്പെട്ട സാങ്കേതിക സമിതികൾക്ക് കൈമാറിയിരുന്നു. സമിതികളുടെ പരിശോധനയ്ക്ക് ശേഷമാണ് സെന്റർ സ്ഥിരമായി അടച്ചുപൂട്ടാനും ലൈസൻസ് പിൻവലിക്കാനും തീരുമാനിച്ചത്.

സ്ഥാപനത്തിന്റെ ഉടമയായ കുവൈത്ത് പൗരനെയും സെന്ററിന്റെ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഡോക്ടറെയും ജനറൽ പ്രാക്ടീഷണറെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ നിയമകാര്യ വകുപ്പിന് കൈമാറാനും ശുപാർശ നൽകിയിട്ടുണ്ട്.

2020-ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 75-ന്റെ രണ്ടാം ഖണ്ഡികയിലെ അഞ്ചാം വ്യവസ്ഥ പ്രകാരമാണ് നടപടി സ്വീകരിച്ചത്. മെഡിക്കൽ മേഖലയിലെയും അനുബന്ധ ആരോഗ്യ തൊഴിൽ മേഖലകളിലെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്.

രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യപരിചരണ സ്ഥാപനങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കും ആരോഗ്യ സേവനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *