
New Commercial Ownership Law in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ നിയമം 2027 ഫെബ്രുവരി ആദ്യം മുതൽ പ്രാബല്യത്തിൽ വരും. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ ഏകദേശം 1.40 ലക്ഷം വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ചുവരികയാണ് അധികൃതർ. സ്ഥാപനങ്ങളുടെ യഥാർഥ ഉടമകളെ കണ്ടെത്തുന്നതിനും വാണിജ്യ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് പരിശോധന.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സ്ഥാപനങ്ങളുടെ ഔദ്യോഗിക രേഖകളിൽ യഥാർഥ ഉടമ ആരാണെന്നും സ്ഥാപനത്തിന്റെ നിയന്ത്രണവും സാമ്പത്തിക നേട്ടങ്ങളും ആർക്കാണെന്നും വ്യക്തമാകുന്ന തരത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
- വകുപ്പിന്റെ ചുമതല: വാണിജ്യ വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കുന്നത്.
- യഥാർത്ഥ ഉടമകളെ കണ്ടെത്താൻ: രജിസ്റ്റർ ചെയ്ത വിവരങ്ങളിൽ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്നും ബിസിനസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
- ലക്ഷ്യം: സ്ഥാപനങ്ങളുടെ യഥാർത്ഥ ഉടമകളെ കൃത്യമായി തിരിച്ചറിയുന്നതിലൂടെ കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുകയാണ് ഈ പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
- രേഖകൾ പരിശോധിക്കാൻ നിർദ്ദേശം: നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ രേഖകളിൽ എന്തെങ്കിലും പൊരുത്തക്കേടുകളോ പിശകുകളോ ഉണ്ടെങ്കിൽ, നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ഓൺലൈൻ പോർട്ടൽ വഴി അവ തിരുത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.





