
Kuwait Food Safety Violations : കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ഭക്ഷ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനാ കാമ്പയിനിൽ 17 നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിൽ 35 കിലോഗ്രാം കോഴിയിറച്ചിയും നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അറിയിച്ചു.
ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്, ശീതീകരിച്ച മാംസവും കോഴിയിറച്ചിയും ഉരുക്കിയ ശേഷം ഫ്രഷ് ഉൽപ്പന്നങ്ങളെന്ന പേരിൽ വിൽപ്പന നടത്തിയത്, സാധുവായ ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്തത് തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.
ഭക്ഷ്യസ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തുന്ന തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പരിശോധനാ കാമ്പയിൻ സംഘടിപ്പിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ, ആരോഗ്യ ചട്ടങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും PAFN അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം.





