Kuwait Traffic Signal Rules : കുവൈത്തിൽ ട്രാഫിക് സിഗ്നലിലെ മിന്നുന്ന ലൈറ്റുകൾ ശ്രദ്ധിക്കണം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിലെ ലൈറ്റുകൾ മാറുന്നതിന് മുമ്പും ശേഷവും കാണുന്ന മിന്നുന്ന സൂചനകൾ ശ്രദ്ധിക്കണമെന്ന് വാഹനയാത്രക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പെട്ടെന്ന് വാഹനം നിർത്തുന്നതും ഗ്രീൻ ലൈറ്റ് തെളിയുന്നതിന് മുമ്പ് യാത്ര തുടങ്ങുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ട്രാഫിക് സിഗ്നലിൽ മഞ്ഞ, ചുവപ്പ് ലൈറ്റുകൾ തെളിയുന്നതിന് മുമ്പുള്ള അഞ്ച് സെക്കൻഡ് നീളുന്ന മിന്നുന്ന സൂചന വാഹനങ്ങൾ നിർത്താൻ തയ്യാറെടുക്കാനുള്ള അറിയിപ്പാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ സമയത്ത് ഡ്രൈവർമാർ വേഗം കുറച്ച് സുരക്ഷിതമായി വാഹനം നിർത്താൻ തയ്യാറാകണം. അവസാന നിമിഷം പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം, ചുവപ്പ് ലൈറ്റിന് ശേഷമുള്ള മിന്നുന്ന സൂചനയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വാഹനം മുന്നോട്ട് എടുക്കാനുള്ള ഉടൻ ലഭിക്കുന്ന അനുമതിയല്ലെന്നും യാത്ര തുടങ്ങാൻ തയ്യാറെടുക്കാനുള്ള അഞ്ച് സെക്കൻഡ് മുന്നറിയിപ്പ് മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് തെളിയുന്നതുവരെ വാഹനങ്ങൾ മുന്നോട്ട് എടുക്കരുത്. സിഗ്നലിലെ ഓരോ മാറ്റവും ശ്രദ്ധിച്ച് ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy