
ദോഹ: ഖത്തറിൽ നിന്നുള്ള കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗത ഫീസ് നൽകാതെ കടന്നുപോകാൻ അനുമതിയുണ്ടെന്ന് ഇറാനിയൻ നിയമസഭാംഗം. ഖത്തറിന് പുറമെ ഇന്ത്യ, ചൈന, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളെയും നിലവിൽ കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊകാദ്ദാം ആണ് ഇക്കാര്യം ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസിയോട് (ISNA) വെളിപ്പെടുത്തിയത്. തുർക്കി വാർത്താ ഏജൻസിയായ അനഡോലു ഏജൻസിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഖത്തരി കപ്പലുകൾക്ക് യാതൊരു ഗതാഗത ഫീസും നൽകാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽ നിന്ന് ഗതാഗത ഫീസ് ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാഖി കപ്പലുകൾക്ക് ഫീസ് ബാധകമാണോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത നൽകിയിട്ടില്ല.
ഇറാനും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഇളവുകൾ അനുവദിച്ചിരിക്കുന്നതെന്നും മൊകാദ്ദാം വിശദീകരിച്ചു.
ആഗോള എണ്ണ-വാതക വ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ഈ സാഹചര്യത്തിൽ ഖത്തരി കപ്പലുകൾക്ക് ഫീസ് ഒഴിവാക്കിയെന്ന റിപ്പോർട്ട് ശ്രദ്ധേയമാണ്.





