
Kuwait Introduces New Technical Rules കുവൈത്ത് സിറ്റി: രാജ്യത്തെ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പനയ്ക്കും സ്ഥാപിക്കലിനും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സബീഹ് അൽ മുഖൈസിം പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമിൽ’ പ്രസിദ്ധീകരിച്ചു.
താമസ, വാണിജ്യ കെട്ടിടങ്ങളിലെ ജലസംഭരണ സംവിധാനങ്ങൾക്കെല്ലാം പുതിയ നിയന്ത്രണങ്ങൾ ബാധകമാകും.പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളിലും അധിക വൈദ്യുത ശേഷി ആവശ്യമായി വരുന്ന നിലവിലുള്ള കെട്ടിടങ്ങളുടെ വിപുലീകരണ പ്രവർത്തനങ്ങളിലും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കണം. ചൂടുവെള്ളത്തിന്റെ ആവശ്യകതയും ഉപയോഗനിരക്കും കണക്കിലെടുത്ത് അനുയോജ്യമായ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ കെട്ടിടങ്ങൾക്ക് 60 ശതമാനം ഊർജലാഭംപുതിയ ഉത്തരവ് പ്രകാരം വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിൽ വാട്ടർ ഹീറ്ററുകൾ സ്ഥാപിക്കുമ്പോൾ ഊർജക്ഷമതാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. വെള്ളം ചൂടാക്കുന്നതിനുള്ള ആകെ ഊർജ ആവശ്യത്തിൽ കുറഞ്ഞത് 60 ശതമാനം ലാഭം ഉറപ്പാക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് പ്രധാന വ്യവസ്ഥ.താമസ കെട്ടിടങ്ങൾക്ക് തിരഞ്ഞെടുക്കാംതാമസ കെട്ടിടങ്ങളിൽ ഏത് തരത്തിലുള്ള ജലതാപന സംവിധാനവും തിരഞ്ഞെടുക്കാൻ അനുമതിയുണ്ട്. എന്നാൽ സൗരോർജ വാട്ടർ ഹീറ്ററുകൾ, ഹീറ്റ് പമ്പ് സംവിധാനങ്ങൾ തുടങ്ങിയ ഉയർന്ന ഊർജക്ഷമതയുള്ള സംവിധാനങ്ങൾ തിരഞ്ഞെടുക്കുന്നവർ പുതിയ സാങ്കേതിക കോഡിലെ ഊർജക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കണം.
പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമായ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (PAI) പുറത്തിറക്കിയ കുവൈത്ത് സ്റ്റാൻഡേർഡ് KWS 1903/2025 അല്ലെങ്കിൽ അതിന്റെ ഏറ്റവും പുതിയ ഭേദഗതികൾക്ക് അനുസൃതമായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.രാജ്യത്തെ കെട്ടിടങ്ങളിൽ ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുമാണ് പുതിയ സാങ്കേതിക കോഡ് നടപ്പാക്കുന്നത്.പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനുശേഷം പ്രാബല്യത്തിൽ വരും.





