
Kuwait delivery motorcycle rules : കുവൈത്തിൽ ഡെലിവറി മോട്ടോർസൈക്കിൾ യാത്രക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡെലിവറി റൈഡർമാർ ഉൾപ്പെടെയുള്ള റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തുന്ന വിപുലമായ സുരക്ഷാ ക്യാമ്പയിനുകളുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കുന്നത്.
ഡെലിവറി ബൈക്ക് യാത്രക്കാർ റോഡിന്റെ വലതുവശം ചേർന്ന് മാത്രമേ സഞ്ചരിക്കാവൂ എന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (GTD) നിർദേശിച്ചു. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ബൈക്കുകൾ നിർത്തുക, ട്രാഫിക് ലൈനുകൾ പാലിക്കുക, റോഡിലെ അടയാളങ്ങളും സിഗ്നലുകളും കൃത്യമായി അനുസരിക്കുക തുടങ്ങിയ കാര്യങ്ങളിലും പരിശോധന നടത്തും.
അപകടങ്ങളും ഗുരുതര പരിക്കുകളും ഒഴിവാക്കുന്നതിനായി റൈഡർമാർ നിർബന്ധമായും സുരക്ഷാ ഹെൽമെറ്റ് ധരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഗതാഗത നിയമങ്ങൾ പൂർണമായി പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും നിർദേശമുണ്ട്.
റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.





